Thursday, September 11, 2008

സീരീസ് ബള്‍ബുകള്‍ - വിശദീകരണം

കരിപ്പാറ സുനില്‍ മാഷുടെ ഒരു ചോദ്യമാണീ പോസ്റ്റിനാധാരം

230V ല്‍ പ്രവര്‍ത്തിക്കുന്ന 40W ന്‍‌റ്റെ ഒരു ബള്‍ബും 15W ന്‍‌റ്റെ രണ്ട് ബള്‍ബുകളും സീരീസായി കണ്‍ക്ട് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ . 15W ബള്‍ബുകള്‍ മാത്രം പ്രകാശിക്കുന്നതിനുള്ള കാരണമെന്തെന്നായിരുന്നു പ്രസ്തുതപോസ്റ്റിലെ ചോദ്യം.


മൂന്നു ബള്‍ബുകളുള്ള ഈ സീരീസ് സര്‍ക്യൂട്ടിനെ അനാലൈസ് ചെയ്താല്‍ ,15W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജ് 96.85 V ഉം , 40W ബള്‍ബിന് ലഭിക്കുന്നത് 36.38 V ആണെന്ന് കാണാം. അതുപോലെത്തന്നെ ,

15W ബള്‍ബിന് ലഭിക്കുന്ന പവറും 2.7W

40W ബള്‍ബിന് ലഭിക്കുന്ന പവറും 0.99W ലഭിക്കുന്നു.

ഈ പരാമീറ്റേഴ്സ് റേറ്റഡ് വോള്‍ട്ടേജും , പവറും സര്‍ക്യൂട്ടിന് ലഭിക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്നതാണ്.

ബള്‍ബിന്‍‌റ്റെ ഫിലമെന്‍‌റ്റുകള്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ചൂടാകുന്ന റെസിറ്റോര്‍സ് ആണല്ലോ. റെസിസ്റ്റര്‍ എന്നത് ചൂട് കൂടുന്നതിനനുസരിച്ച് കൂടുന്ന ഒരു പരാമീറ്ററും. ഒരു ബള്‍ബ് റേറ്റഡ് പവര്‍ ( ഉദാഹരണം:15W ) തരുന്ന സമയം അതിന്‍‌റ്റെ ഫിലമെന്‍‌റ്റ് ഏറ്റവും കൂടിയ ചൂടിലായിരിക്കുമ്പോളായിരിക്കും ലഭിക്കുക.

ഒരു റസിസ്റ്റന്‍സിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ , റസിസ്റ്റന്‍സിനനുപാതമായി അതിനു മുകളില്‍ ഒരു വോള്‍ട്ടേജ് ലഭിക്കുന്നു. കുറഞ്ഞ പവര്‍ തരുന്ന ബള്‍ബിന് കൂടുതല്‍ റെസിസ്റ്റന്‍സ് ആയിരിക്കുമല്ലോ ഉണ്ടാകുക അതുകൊണ്ട് തന്നെ 15W ബള്‍ബിന് 40W ബള്‍ബിനപേക്ഷിച്ച് കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു.

സ്വാഭാവികമായും കുറഞ്ഞ ബള്‍ബ് പ്രകാശിക്കുന്നു ഇതാകട്ടെ ആ റെസിസ്റ്ററിനെ കൂടുതല്‍ ചൂടാക്കുന്നു , കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു കൂടുതല്‍ പ്രകാശിക്കുന്നു.

അതേ സമയം 40W ബള്‍ബിന് വളരെ കുറവ് വോള്‍ട്ടേജ് ലഭിക്കുന്നതിനാല്‍ കത്താനാവുന്നില്ല , ഒപ്പം കുറഞ്ഞ പവര്‍ ബള്‍ബ് ഫിലമെന്‍‌റ്റിന്‍‌റ്റെ റെസിസ്റ്റന്‍സ് കൂടുന്നതിനാല്‍ വീണ്ടും വൈദ്യുത പ്രവാഹം കുറയുകയും കൂടുതല്‍ 40W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജിന് വീണ്ടും കുറവ് വരുന്നു.

ഇങ്ങനെ ലഭിക്കുന്ന വോള്‍ട്ടെജിലുള്ള കുറവാണ് വലിയ വാട്ടിന്‍‌റ്റെ ബള്‍ബ് കത്താതിരിക്കാനും മറ്റുള്ളത് കത്താനും കാരണം.

ഒരു ബള്‍ബ് കത്താന്‍ വേണ്ട മിനിമം വോള്‍ട്ടെജ് എത്ര ശതമാനം വെണമെന്നത് കാണാന്‍ ഈ ലിങ്ക് കാണുക.

ഈ കാരെക്ടെറിസ്റ്റിക്സില്‍ , "ശക്തമായ inrush current" ന്‍‌റ്റെ ഇഫ്ഫെക്ടെന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട്,

ഇത് തെറ്റായ ഒരു ധാരണയാണത് , പറയപ്പെടുന്നതുപോലെ ഓണ്‍ ആക്കുന്നതിന് മുമ്പുള്ള ഒരു ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍സ് അതിന്റെ സ്റ്റെഡിസ്റ്റേറ്റ് റെസിസ്റ്റന്റിന്റെ 15 ഓളം മടങ്ങ് കുറവാണെങ്കിലും കറണ്ട് 15 ഓളം മടങ്ങ് വരെ ഉയരുന്നില്ല ,

ബള്‍ബ് ഫിലമെന്‍‌റ്റ് ഉണ്ടാക്കിയിട്ടുള്ളത് ചുരുളുകളായിട്ടായതിനാല്‍ ഉള്ള inductance സര്‍ക്യൂട്ടില്‍ സീരീസായാണ് കിടക്കുന്നത്. ഒരു ബള്‍ബ് സ്വിച്ചോണാക്കുമ്പോള്‍ ഉണ്ടാകുന്ന 15 ഓളം മടങ്ങ് കറണ്ടിനെ ഇത് ലിമിറ്റ് ചെയ്യുന്നുണ്ട്. വൈദ്യുത പ്രവാഹമുള്ള ഒരു മീഡിയത്തിന്‍‌റ്റെ geometry അതിലൂടെയുള്ള വൈദ്യുതപ്രവാഹത്തെ സ്വാധീനിക്കും അതാണിവിടെ സഹായകരമാകുന്നത്.

ഈ വിഷയത്തിന് മുകളിലെ മൂലകാര്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും പ്രസ്തുത പോസ്റ്റില്‍ നിന്നും ചര്‍ച്ച വഴിതിരിഞ്ഞെത്തിയതിനാലാണീ വിശദീകരണം.

പ്രധാനമായും മനസ്സിലാക്കേണ്ടത് , ഫിലമെന്റിലുള്ള പറയപ്പെട്ട inductance കറന്‍‌റ്റ് steady യായാല്‍ പിന്നീട് പ്രസക്തി നഷ്ടപ്പെടും എന്നാണ് , അതായത് , റെസിസ്റ്റന്‍‍സ് കത്തി ചൂടാകുമ്പൊള്‍ ഉണ്ടാകുന്ന rate of change of current ഉള്ളപ്പോള്‍ മാത്രമേ പ്രസക്തിയുള്ളൂ.

നാല് മുതല്‍ പത്ത് മില്ലി സെക്കന്‍റ്റ് സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ഭേദപ്പെട്ട rate of change of current സംഭവിക്കുന്നതിനാല്‍ മാത്രമാണ് വളരെ ചെറിയ inductance ന് പോലും പ്രസക്തിയുണ്ടാക്കുന്നതും.

Wednesday, July 2, 2008

വൈദ്യുതി ചോദ്യോത്തരം -തുടര്‍ച്ച

1. "റഫറന്‍സ് '' എന്ന വസ്തുത കെട്ടിടത്തിന്റേയും സീ ലെവലിന്റേയും കാര്യം പറഞ്ഞ് രസകരമായി വിശദീകരിച്ചുവല്ലോ. ഇതുപോലെ ' ഫേസി'ന്റെ കാര്യത്തിനും ഉദാഹരണം ഉണ്ടോ?


സംഗീതാധ്യാപകന്‍ ഫ്ലൂട്ടില്‍ ഒരു രാഗം(tune) വായിക്കുന്നെന്നു കരുതുക , അയാളോടൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥി ഇതേ രാഗത്തെ പിന്‍‌തുടര്‍ന്നു വായിക്കുന്നു എന്നും കരുതുക.


രണ്ടുപേരും‌ ഒരേ സമയത്ത് രാഗം വായിക്കാന്‍ തുടങ്ങുകയും അതുകൊണ്ടുതന്നെ ഒരേ സമയത്തവസാനിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരേ ഫേസില്‍ ആണെന്നു പറയാം അതായത് രണ്ടുപേരുടെയും വേറിട്ട് കേള്‍ക്കാന്‍ പറ്റില്ല.


മറിച്ച് അധ്യാപകന്‍ വായിച്ചതിനു ശേഷം വിദ്യാര്‍ത്ഥി വായിക്കാന്‍ തുടങ്ങുകയാണെങ്കില്‍ അവര്‍ തമ്മില്‍ ഫേസ് വ്യത്യാസമുണ്ടെന്നു പറയുന്നു.



2.ഡി.സി യുടെ വോള്‍ട്ടേജ് സമയ ഗ്രാഫ് - x അക്ഷത്തിലുള്ള സമയത്തിന് സമാന്തരമായാണല്ലോ വരക്കുന്നത് . അപ്പോള്‍ ഡി.സി വോള്‍ട്ടേജ് കുറഞ്ഞാല്‍ ( ടോര്‍ച്ച് ബാറ്ററിയൊക്കെ ഒരു ചെറിയ ബള്‍ബുമായി കണക്ട് ചെയ്യുമ്പോള്‍ വോള്‍ട്ടേജ് വ്യതിയാനം നാം ദര്‍ശിയ്ക്കാറുണ്ടല്ലോ ) ഈ സമാന്തര രേഖയ്ക്ക് മാറ്റം വരുമോ ?


ഒരു വോള്‍ട്ടേജിന്‍‌റ്റെ സമയ ഗ്രാഫ് വരക്കുന്നത് ഒന്നുകില്‍‌‍ "നോ-ലോഡ്" അല്ലെങ്കില്‍ "ലോഡ്" വോള്‍ട്ടേജിലായിരിക്കും , രണ്ടായാലും സമാന്തര രേഖയിലായിരിക്കും അടയാളപ്പെടുത്തുക.


3."റീറ്റേനിങ് കപ്പാസിറ്റി " എന്തെന്നു വ്യക്തമാക്കാമോ? ( എങ്കില്‍ സീറോ പ്രശ്നം കൂടുതല്‍ വ്യക്തമായേനെ )
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജഡത്വമായുപമിക്കാം ( ഇനെര്‍‌ഷ്യ) ( ഉദാഹരണം ഒരു ഫാന്‍ നമ്മള്‍ ഓണാക്കി , കുറച്ചു കഴിഞ്ഞ് ഓഫാക്കിയാലും കുറച്ചു സമയം അതു തിരിയുമല്ലോ , നമ്മള്‍ വീണ്ടും കുറച്ചു കഴിഞ്ഞ് ഓണ്‍ ആക്കി എന്നിരിക്കട്ടെ (മുഴുവനായി നില്‍ക്കുന്നതിനു മുമ്പെ) , അതായത് വൈദ്യുതി ഇടക്കിടക്ക് ഓണും - ഓഫും അക്കിയാലും നമുക്ക് ഫാന്‍ തുടച്ചയായി തിരിയുന്ന അവസ്ഥ ഉണ്ടാകുന്നു.


4.സിങ്കിള്‍ ഫേസ് എ.സി. ജനറേറ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി ടൂ ഫേസ് , ത്രീ ഫേസ് എന്നിങ്ങനെ ആക്കിമാറ്റാമെന്നു പറഞ്ഞിരുന്നല്ലോ . അതെന്താണെന്നു വിശദീകരിക്കാമോ ?


അങ്ങിനെ അല്ല , ത്രീ ഫേസ് ജനറേറ്ററില്‍ നിന്നും സിംഗിള്‍ ഫേസ് , ടൂ ഫേസ് എന്നിവ ഉണ്ടാക്കാം എന്നാണ്‌. അതായത് , മൂന്ന് സിംഗിള്‍ ഫേസാണ്‌ ഒരു ത്രീ ഫേസ് എന്നു മനസ്സിലാക്കുക.


5.ഞങ്ങളുടെ പഴയ ടെക്‍സ്റ്റ് പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ( അതായത് 90കളിലെ പുസ്തകം ) "



ലാളിത്യത്തിനുവേണ്ടി ഫീല്‍ഡ് കാന്തത്തിന് ഒരു ജോഡി കാന്തിക ധ്രുവങ്ങളും ആര്‍മേച്ചറിന് ഒരു ചുരുളും മാത്രമേയുള്ളൂ എന്നാണ് ഇവിടെ നാം സങ്കല്പിച്ചിട്ടുള്ളത് .യഥാര്‍ത്ഥത്തില്‍ ജനറേറ്ററിലെ ഫീല്‍ഡ് കാന്തങ്ങള്‍ക്ക് ഏതാനും ഏതാനും ജോഡി കാന്തിക ധ്രുവങ്ങളും ആര്‍മേച്ചറില്‍ അതിനനുസൃതമായ എണ്ണം കോയിലുകളും ഉണ്ടായിരിയ്ക്കും.ഫീല്‍ഡ് കാന്തത്തിന് 4 ജോഡി കാന്തിക ധ്രുവങ്ങള്‍ ഉണ്ടെങ്കില്‍



റോട്ടോറിന്റെ ഒരു ഭ്രമണത്തില്‍ പ്രേരിത വൈദ്യുതി 4 സൈക്കിള്‍ പൂര്‍ത്തിയാക്കണം . ഓരോ സെക്കന്റിലും അത് 10 ഭ്രമണങ്ങള്‍ വീതം നടത്തിയാല്‍ എ.സി യുടെ ആവൃത്തി 4 x 10/ s =40Hz ആയിരിക്കും." - ഇത് ത്രീ ഫേസ് , സിങ്കിള്‍ ഫേസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒന്നുകൂടി വ്യക്തമാക്കാമോ ?


മൂന്ന് കമ്പി ചുരുളുകള്‍ നൂറ്റി ഇരുപത് ഡിഗ്രീയില്‍ സ്ഥാന വ്യത്യസത്തില്‍ കറങ്ങുന്ന കാന്തിക മണ്ടലത്തില്‍ സ്ഥാപിച്ചാല്‍ മൂന്ന് ചുരുളുകളിലും ഉണ്ടാകുന്ന വോള്‍ട്ടേജ് നൂറ്റി ഇരുപത് ഡിഗ്രീ ഫേസ് വ്യത്യാസത്തിലായിരിക്കും.


ഒരു കമ്പി ചുരുള്‍ , ഒരു സെറ്റ് കാന്തിക പോളില്‍ ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ ഒരു പൂര്‍ണ്ണ സൈന്‍ വേവ് ഉണ്ടാകുന്നു. കാന്തിക പോള്‍ സെറ്റുകളുടെ എണ്ണം കൂടുംതോറും ഒരു കറങ്ങലില്‍ ഉണ്ടാകുന്ന പൂര്‍ണ്ണ സൈന്വേവുകളുടെ എണ്ണവും കൂടുന്നു.ഒരു നിശ്ചിത സ്പീഡില്‍ കറങ്ങുന്ന ജനറേറ്ററിന്‍‌റ്റെ പോള്‍ സെറ്റുകളുടെ എണ്ണം കൂട്ടി നിശ്ചിത സമയത്തിലുള്ള സൈന്‍ വേവുകളുടെ എണ്ണവും കൂട്ടാം.


ഒരു സെക്കന്‍‌റ്റില്‍ പൂര്‍ത്തിയാകുന്ന സൈന്‍ വേവുകളുടെ എണ്ണമാണ്‌ ഫ്രീക്വന്‍സി (ആവൃത്തി). സ്പീഡും , പോളുകളുടെ എണ്ണവും , ഫ്രീക്വന്‍സിയും തമ്മിലുള്ള ബന്ധം:


N=120f/P N= speed in RPM ( revoution per minute) f=frequencyp=no of poles


6. അതുപോലെ തന്നെ പഴയ പുസ്തകത്തില്‍ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു " മൂന്നുഫേസുകളിലും ഒരേ വോള്‍ട്ടേജ് നിലനിര്‍ത്തിയാല്‍ ന്യൂട്രലിനു പൂജ്യം പൊട്ടെന്‍ഷ്യല്‍ ആയിരിയ്ക്കും. മൂന്നു ഫേസുകളില്‍ പ്രേരിതമാക്കപ്പെടുന്ന പവറും ഓരോന്നില്‍നിന്നെടുക്കുന്ന പവറും സന്തുലിതമാണെങ്കില്‍ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളൂ .



ഫേസുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടാ‍യാല്‍പ്പോലും ന്യൂട്രലിനെ പൂജ്യം പൊട്ടെന്‍ഷ്യലില്‍ നില നിര്‍ത്താന്‍ ഇടക്കിടയ്ക്ക് ന്യൂട്രല്‍ ലൈന്‍ എര്‍ത്ത് ചെയ്യുന്നു. " ഇക്കാര്യം ഒന്നുകൂടി വിശദമാക്കാമോ ? ഇങ്ങനെ ഫേസുകളില്‍ അസന്തുലിതാവസ്ഥ സംഭവിക്കുന്നതെങ്ങനെ ?



ഇങ്ങനെ ഫേസുകളില്‍ വോള്‍ട്ടേജ് കുറയുമ്പോള്‍ വോള്‍ട്ടേജ് സമയ ഗ്രാഫിന് എന്തു സംഭവിക്കും ? മാറ്റം ഉണ്ടാകില്ലേ ?


സംതുലിതമായ ത്രീ ഫേസ് സിസ്റ്റത്തില്‍ ന്യൂട്ട്രലിലൂടെ പോകുന്ന കരണ്ട് പൂജ്യമായിരിക്കും. ഇങ്ങനെ സംതുലിതമാക്കാന്‍ ‍ വേണ്ടത് ഒരോ ഫേസിലും ഒരേ ലോഡേ വരാവൂ. ഏതെങ്കിലും ഒരു ഫേസില്‍ കുറവോ കൂടുതലോ ലോഡ് (മറ്റു ഫേസിനെ അപേക്ഷിച്ച്) വരുമ്പോള്‍ ത്രീ ഫേസിന്‍‌റ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അത്കൊണ്ടുതന്നെ ന്യൂട്ട്രലിലൂടെ കറന്‍‌റ്റ് പ്രവഹിക്കുന്നു. ന്യൂട്രലിനെ പൂജ്യം വോള്‍ട്ടേജ് ആക്കെണ്ടുന്നതിനാല്‍ ഈ കരണ്ടിനെ ഭൂമിയിലേക്കൊഴുക്കിയെ മതിയാവൂ , അതിനാല്‍ ന്യൂട്ട്രലിനെ എര്‍ത്ത് ചെയ്യൂന്നു.


7.സ്റ്റാര്‍ കണക്ഷന്‍ കൊണ്ടുള്ള മെച്ചമെന്ത് ?


സ്റ്റാര്‍ കണക്ഷനില്‍ ,മുഖ്യമായി , മൂന്ന് സിംഗിള്‍ ഫേസ് എടുക്കാം.


8.ഞങ്ങള്‍ക്കിപ്പോള്‍ " പടവുകള്‍ " എന്നൊരു സഹായി കൂടി നല്‍കുന്നുണ്ട് . ക്ലസ്റ്ററില്‍ മുന്‍ പറഞ്ഞതിനൊക്കെ ആസ്പദമായ ചര്‍ച്ച നടക്കുവാന്‍ ഒരു കാരണവും അതാണ് അതില്‍ പറഞ്ഞിരിക്കുന്ന ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു. പലരും അതിനു നല്‍കിയ ഉത്തരം ശരിയല്ലെന്നു പറയുന്നു .അതിനെക്കുറിച്ചും ഒന്നു വിലയിരുത്താമോ ? (a) സിങ്കിള്‍ ഫേസ് , ത്രീ ഫേസ് ജനറേറ്റര്‍ എന്നിവ സാധാരണയാണ് . എന്നാല്‍ 2 ഫേസ് ജനറേറ്റര്‍ കാണാറില്ല . എന്തായിരിയ്ക്കും ഇതിന്റെ കാരണം ?



ഉത്തരം : 2 ഫേസ് ജനറേറ്ററുകളില്‍ രണ്ടു കമ്പിച്ചുരുളുകളായിരിയ്ക്കണം ഉണ്ടാകേണ്ടത് . രണ്ടു കമ്പിച്ചുരുളുകളും ഒരേ ദിശയിലാണെങ്കില്‍ പ്രേരിത വൈദ്യുതി ഒരു ചുരുളില്‍ ഉണ്ടാകുന്നതിന്റെ ഇരട്ടിയായിരിക്കും.



രണ്ടു ചുറ്റുകളും എതിര്‍ ദിശയിലാണെങ്കില്‍ പ്രേരിത വൈദ്യുതി പരസ്പരം എതിര്‍ദിശയിലായിരിക്കുന്നതിനാല്‍ പൂജ്യമായിരിക്കും .ഫലത്തില്‍ 2 ഫേസ് ജനറേറ്റര്‍ എന്നത് ഇരട്ടി ചുറ്റുകളോടുകൂടിയ ഒരു സിങ്കിള്‍ ഫേസ് ജനറേറ്ററിന്റെ ഫലമായിരിക്കും ചെയ്യുക .



( ഇവിടെ യാണ് ഏറെ ചര്‍ച്ച നടന്നത് ) ചുരുളിന്റെ എതിര്‍ ദിശ , ഒരേ ദിശ എന്നിവ വ്യക്തമായില്ല്യ. സാധാരണയായി ഇവ ഒരേ ദിശയില്‍ തന്നെ യല്ലേ ചലിക്കുക ? പിന്നെ , എന്തുകൊണ്ട് അങ്ങനെ പറയുന്നു ?
ജനറേറ്ററുകളുടെ ഒരു ചേറിയ രേഖാചിത്രം കൊടുത്തിട്ടുണ്ട്.



സിംഗിള്‍ ഫേസില്‍ ഒരു ന്യൂട്ട്രലും ഒരു ഫേസും ഉള്ളപ്പോള്‍ , റ്റൂ ഫേസില്‍ ഒരു ന്യൂട്ട്രലും , തൊണ്ണൂറ് ഡിഗ്രി ഫേസ് വ്യത്യാസമുള്ള മറ്റൊരു ഫേസും , ത്രീ ഫേസില്‍ നൂറ്റി ഇരുപതു ഡിഗ്രീ ഫേസ് വ്യത്യാസമുള്ള മൂന്ന് ഫേസുകളും ലഭിക്കുന്നു.


ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി പലഫേസിലുള്ള വൈദ്യുതിയും ഉപയോഗിക്കുന്നുണ്ടെങ്കിലും , പ്രധാനമായും ത്രീ ഫേസ് തന്നെയാണുപയോഗിക്കുന്നത്. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്‌. ഉദാഹരണത്തിന്‌ , മെര്‍ക്കുറി ആര്‍ക് റെക്റ്റിഫയറുകള്‍ ആറ് ഫേസിലും , പന്ത്രണ്ട് ഫേസിലും ; റോട്ടറി കണ്‍‌വേര്‍ട്ടറുകള്‍ ആറ് ഫേസിലുമാണ്‌ സാധാരണയായി പ്രവര്‍ത്തിക്കുന്നത്.


ഫേസുകളുടെ എണ്ണത്തില്‍ , ഏറ്റവും പ്രവര്‍ത്തന ക്ഷമത കൂടുതല്‍ , ഒരു പ്രത്യേക അളവ് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടുന്ന വസ്തുക്കളുടെ കുറഞ്ഞ അളവ്‌ , കുറഞ്ഞ ഉത്പാദനച്ചിലവ് എന്നീ ഗുണങ്ങളാണ്‌ ത്രീ ഫേസിനെ കൂടുതല്‍ സമ്മതിയുള്ളതാക്കുന്നത്.

ഇലക്റ്റ്രിക് ഫ്യൂസ് സം‌ശയങ്ങളും‌ ഉത്തരങ്ങളും

വൈദ്യുത ഉപകരണങ്ങളെ സം‌രക്ഷിക്കാന്‍ വേണ്ടിയാണ്‌ ഫ്യൂസ് ഉപയോഗിക്കുന്നത്.ഉപകരണം എടുക്കുന്ന കറന്‍‌റ്റ് അടിസ്ഥാനമാക്കി ഫ്യൂസ് തിരഞ്ഞെടുക്കുന്നു.

എന്തെങ്കിലും കാരണവശാല്‍ , അമിത കറന്‍‌റ്റ് കടന്നുപോകുമ്പോള്‍ ഉപകരണം നശിക്കാതിരിക്കതിരിക്കാന്‍ , ഫ്യൂസ് സ്വയം‌ ഉരുകി വൈദ്യുത ശാഖ മുറിക്കപ്പെടുകയും അമിത കറന്‍‌റ്റ് ഉപകരണത്തിലേക്കൊഴുകാതെ അതിനെ സം‌രക്ഷിക്കുകയും ചെയ്യുന്നു.

(ഈ പോസ്റ്റില്‍ കരിപ്പാറ സുനില്‍ എഴുതിയ ചോദ്യങ്ങള്‍‌ക്കുള്ള ഉത്തരങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.)

1.ഒരു ഗൃഹവൈദ്യുതീകരണ സര്‍ക്യൂട്ടില്‍ വാട്ട് ഔവര്‍ മീറ്ററിനു മുന്നിലായി പോള്‍ ഫ്യൂസ് എന്ന ഒരു ഫ്യുസിന്‍‌റ്റെ ഉപയോഗമെന്ത്?

ഉത്തരം : പോള്‍ ഫ്യൂസ് എന്നതു പോളിലുള്ള (പോസ്റ്റ്) ഫ്യൂസ് ആണുദ്ദേശിച്ചതെങ്കില്‍ സാങ്കേതികമായി , പോസ്റ്റില്‍ നിന്നും ഉപഭോക്താവിന്‍‌റ്റെ സ്ഥലത്തേക്കുള്ള സര്‍‌വീസ് വയറിനെ (കേബിള്‍) സം‌രക്ഷിക്കുന്ന ചുമതല ഈ ഫ്യൂസില്‍ നിക്ഷിപ്തമാണ്‌.

2.വാട്ട് ഔവര്‍ മീറ്ററിനും മെയിന്‍ സ്വിച്ചിനും ഇടയിലായി മെയിന്‍ ഫ്യൂസ് എന്നൊരു ഫ്യൂസ് ഉണ്ടല്ലോ ? ഇതിന്റെ ഉപയോഗമെന്ത് ? പോള്‍ ഫ്യൂസ് ഉള്ളപ്പോള്‍ മെയിന്‍ ഫ്യൂസ് വേണോ ?

ഉത്തരം : വാട്ട് അവര്‍‌ മീറ്ററിനും‌ മെയിന്‍‌ സ്വിച്ചിനും ഇടയിലല്ല മൈന്‍ ഫ്യൂസ് മറിച്ച് , പോസ്റ്റില്‍ നിന്നും വരുന്ന സര്‍‌വീസ് വയര്‍ ആദ്യം ബന്ധിക്കുന്ന ഫ്യൂസ് ആണ്‌ മെയിന്‍‌ ഫ്യൂസ് ഇത് ഉപഭോക്താവിന്‍‌റ്റെ മൊത്തം ഉപകരണത്തോടൊപ്പം വാട്ട് അവര്‍ മീറ്ററിന്‍‌റ്റെ സം‌രക്ഷണം കൂടി ഏറ്റെടുത്തിരിക്കുന്നു. സാങ്കേതികമായി മീറ്ററിനെ സം‌രക്ഷിക്കുന്നതിനോടൊപ്പം തന്നെ , വൈദ്യുതി തരുന്ന കമ്പനിയും ( കെ.എസ്.ഇ.ബി ) , ഉപഭോക്താവും‌ തമ്മിലുള്ള പരിധിയും ഇവിടെതന്നെയകുന്നു.

3.മെയിന്‍ സ്വിച്ച് കഴിഞ്ഞ് മെയിന്‍ ഫ്യൂസ് ബോര്‍ഡില്‍ ശാഖാ ഫ്യൂസുകള്‍ ഉണ്ടല്ലോ . അവയുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? സാധാരണയായി വീടുകളില്‍ ശാഖാ ഫ്യൂസുകള്‍ പോകാറില്ലല്ലോ ? അത് എന്തുകൊണ്ട് ? അതിലെ ഫ്യൂസ് വയറിന് ആ ശാഖാ സര്‍ക്യൂട്ടിലെ പവറുമായി ( ലോഡുമായി ) ബന്ധമുണ്ടോ ?

ഉത്തരം: ശാഖാ ഫ്യൂസുകളുടെ എണ്ണം നിശ്ചയിക്കുന്നത് വീടിന്‍‌ടെ വലിപ്പവും‌ , വെത്യസ്ത തരത്തിലുള്ള ശാഖകളും ( ലൈറ്റും+ആറ് ആമ്പിയറിന്‍‌റ്റെ പവര്‍ പോയിന്‍‌റ്റും , പതിനാറ് ആമ്പിയറിന്‍‌റ്റെ പവര്‍ പോയിന്‍‌റ്റ് ,മോട്ടോര്‍ എന്നിങ്ങനെ ) ആധാരമാക്കിയാണ്‌ , ഫ്യൂസ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് അതുപയോഗിക്കാന്‍ പോകുന്ന ശാഖ എടുക്കുന്ന മൊത്തം കറന്‍‌റ്റിന്‍‌റ്റെ (പവര്‍ / ലോഡ് - അളവാണ്‌ ( ആമ്പിയര്‍). അതുകൊണ്ടു തന്നെ ഏതെങ്കിലും‌ ശാഖയില്‍‌ നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ കറന്‍‌റ്റെടുത്താല്‍ ആദ്യം പോകുന്നത് ആ ശാഖയിലുള്ള ഫ്യൂസായിരിക്കും.

4.പോള്‍ ഫ്യൂസ് കെട്ടുവാന്‍ ഉപയോഗിക്കുന്ന വയറിന് വീട്ടില്‍ ആകെ ഉപയോഗിക്കുന്ന പവറുമായി ബന്ധമുണ്ടോ? ബന്ധമുണ്ട് , ഉപഭോക്താവിന്‍‌റ്റെ മൊത്തത്തിലുള്ള ലോഡിനെ ആസ്പദമാക്കിയാണ്‌ പോള്‍ ഫ്യൂസിന്‍‌റ്റെ ആമ്പിയര്‍ കപ്പാസിറ്റി നിര്‍ണ്ണയിക്കുന്നത്.