ഒരു മോട്ടോറും അതിനോട് ഘടിപ്പിച്ച ഒരു ബെല്‍ട്ടുമാണ് അടിസ്ഥാനപരമായി ഒരു കണ്‍വേയര്‍. മോട്ടോര്‍ കറങ്ങിയാല്‍ ബെല്‍ട്ടും കറങ്ങും അതുകൊണ്ട് തന്നെ ബെല്‍ട്ടിന് മുകളില്‍ വെക്കുന്ന ബാഗ് ഒരു വശത്തുനിന്നും മറുവശത്തേക്ക് നീങ്ങുന്നു . ചിത്രം കാണുക.
പല തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും , ഓട്ടോമൈസിങ്ങും കണ്‍വേയറുകളില്‍ ഉണ്ട്.
ഉദാഹരണം കണ്‍വേയര്‍ 'ഓണാ'ണെങ്കിലും ബെല്‍ട്ടിന്റെ തുടക്കത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സര്‍ ആക്ടിവേറ്റായാല്‍ മാത്രമേ ബെല്‍ട്ട് നീങ്ങുകയുള്ളൂ; സെന്‍സര്‍ ആക്ടീവാകാനാവട്ടെ ബാഗോ മറ്റോ ബെല്‍ട്ടില്‍ വെക്കുകയും വേണം, സെന്‍സറിന് പകരം സ്വിച്ചുകളും ഉപയോഗിക്കും.
ഉദാഹരണത്തിന് സൂപര്‍ മാര്‍ക്കറ്റുകളിലെ കൗണ്ടറുകളില്‍ , വാങ്ങിയ സാധനങ്ങള്‍ ബെല്‍ട്ടിന് മുകളില്‍ വെച്ചാല്‍ കൗണ്ടര്‍ സ്റ്റാഫ് സ്വിച്ച് ഓണാക്കുന്നു, സാധനം അയാളുടെ അടുത്തേക്ക് ബില്ലിങ്ങിനായി നീങ്ങിവരുന്നു. കണ്‍വേയര്‍ ഓണാണെങ്കിലും സാധനം സ്റ്റാഫിനടുത്തെത്തിയാല്‍ പിന്നീട് നീങ്ങില്ല , ബെല്‍ട്ടിനവസാനമായി സ്ഥാപിച്ച സെന്‍സര്‍ കണ്‍വേയര്‍ ഓഫാക്കുന്നു. അവസാനമെത്തിയ സാധനം എടുത്ത് മാറ്റിയാല്‍ കണ്‍വേയര്‍ വീണ്ടും കറങ്ങുകയും അടുത്ത സാധനം സ്റ്റാഫിനടുത്ത് വന്ന് നില്‍ക്കുകയും ചെയ്യുന്നു.ചിത്രം കാണുക.
സാധനങ്ങള്‍ കൊണ്ട് പോകേണ്ടത് നേര്‍ രേഖയിലാണെങ്കില്‍ പോലും ഒരു കണ്‍വേയറല്ല സ്ഥപിക്കുക ഒന്നില്‍ കൂടുതല്‍ ചെറു കണ്‍വേയറുകള്‍ അടുത്തടുത്ത് വെക്കുകയാണ് ചെയ്യുക. ഊര്‍ജ്ജം കാര്യക്ഷമമായി ഉപയോഗിക്കാനും ഓട്ടോമസിങ്ങ് കൂടുതല്‍ ലളിതമാക്കാനുമൊക്കെയാണിങ്ങനെ ചെയ്യുന്നത്.ചിത്രം കാണുക.
ആദ്യ പോസ്റ്റില്‍ വിവരിച്ചതുപോലെ പല ചെക്ക് ഇന്‍ കൗണ്ടറുകളില്‍ നിന്നും സ്വീകരിക്കുന്ന ബാഗുകള്‍ , കൗണ്ടറിനടുത്തുള്ള ചെറിയ കണ്‍വേയര്‍ വഴി പിന്നിലുള്ള നീളത്തിലുള്ള വലിയ കണ്‍വേയറിലേക്ക് വീഴുന്നു, തുടര്‍ന്ന് ബാഗുകള്‍ ഉള്ളിലേക്ക് യാത്രയാവുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ വലിയ കണ്‍വേയറില്‍ പല സ്ഥലങ്ങളിലേക്കുള്ള / വിമാനങ്ങളിലേക്കുള്ള ബാഗുകള്‍ ഉണ്ടെന്ന കാര്യമാണ്. ഈ വ്യത്യസ്ഥ സ്ഥലത്തേക്കുള്ള ബാഗുകള്‍ എങ്ങിനെ വേര്‍ത്തിരിക്കപ്പെടുന്നു എന്നത് അടുത്ത പോസ്റ്റില്‍ തുടരും.