Saturday, September 27, 2008

സ്മാര്‍ട്ട് ടെക്നോളജി / Smart Technology

കൊച്ചിയില്‍ വിമാനമിറങ്ങിയ ഞങ്ങള്‍ പാസ്പോര്‍ട്ട് കണ്ട്രോള്‍ ലക്ഷ്യമാക്കി നടന്നു, രണ്ട്‌ ക്യൂ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഏകദേശം എണ്‍പതോളം യാത്രക്കാര്‍ ഓരോന്നിലുമുണ്ട്.


വളരെ മെല്ലെ നീങ്ങുന്ന ഞങ്ങളുടെ ക്യൂവിന് കാരണം മറ്റേ ക്യൂവിനെ അപേക്ഷിച്ച് കൂടുതല്‍ ഫാമിലി യാത്രക്കാരുണ്ടയിരുന്നതാണെന്നെനിക്ക് മനസ്സിലായി. ഞങ്ങള്‍ക്ക് പിന്നിലായി നിന്നിരുന്ന ചെറുപ്പക്കാരന്‍ അരിശത്തോടെ പിറുപിറുക്കുന്നുണ്ടായിരുന്നു , കാരണമൊന്നുമല്ല , ഫാമിലിയാത്രക്കാര്‍ പോലീസുകാരന്‍‌റ്റെ യടുത്ത് കൂടുതല്‍ സമയമെടുക്കുന്നതിനാലായിരുന്നു , ഒറ്റ യാത്രക്കാര്‍ക്കായി മറ്റൊരു ക്യൂ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കിങ്ങനെ കെട്ടിക്കിടക്കേണ്ടിവരില്ലായിരുന്നു എന്നെനിക്കും തോന്നി.

ഒറ്റ യാത്രക്കാര്‍ക്ക് അല്ലെങ്കില്‍ രണ്ട് യാത്രക്കാര്‍ മാത്രമുള്ള ചെറുഫാമിലികള്‍ക്ക് ഒരു ക്യൂ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറെ സമയം ലാഭിക്കാം , സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ , പത്തില്‍ കുറവുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള പ്രത്യേക കൗണ്ടര്‍ പോലെ.

ഇതു കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്ന അവസ്ഥയാണ്. ചെറിയ കെട്ടിടങ്ങളില്‍ കാലങ്ങളായുപയോഗിക്കുന്ന കണ്ട്രോള്‍ സിസ്റ്റത്തില്‍ വലിയ വെത്യാസം ഉണ്ടാക്കാനായില്ലെങ്കിലും ഉയരം വളരെ കൂടുതലുള്ള കെട്ടിടങ്ങളില്‍ അതുപയോഗിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും മറ്റുമായിരുന്നു.



വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോട്ടേഷന്‍‌റ്റെ (ലിഫ്റ്റുകള്‍) ഏറ്റവും നൂതന കണ്ട്രോള്‍ സ്ട്രാറ്റജി (control strategy) ഈ ' ഗ്രൂപ്പാക്കല്‍ ' തത്വമാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് , പേരിട്ടിരിക്കുന്നത് സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി (smart lift technology).

സാധാരണ ഒരു ലിഫ്റ്റ് കണ്ട്രോള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം:

ഉയരത്തിലെ ഒരു ഫ്ലോറിലേക്ക് പോകേണ്ട ആള്‍ താഴെവന്ന്‌ സ്വിച്ചില്‍ അമര്‍ത്തി കേബിനില്‍ കയറി മുകളിലേക്ക് പോകുന്നു.ഉയരം കൂടുതലുള്ള ഒരു കെട്ടിടത്തില്‍ , ഏറ്റവും മുകളിലേക്ക് പോകുന്ന ഒരാളുടെ സമയം മറ്റുള്ള താഴെയുള്ള ഫ്ലോറുകളില്‍ ആളുകള്‍ക്കിറങ്ങാനായി നിര്‍ത്തുന്നതിനാല്‍ എത്രയോ മടങ്ങ് കൂടുതല്‍ സമയം കേബിനില്‍ നില്‍ക്കേണ്ടി വരുന്നു.വളരെ തിരക്കുള്ള , ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇത് ചെറിയ നഷ്ടമൊന്നുമല്ല വരുത്തുന്നത്. ഈ സമയ നഷ്ടം ഒഴിവാക്കാനായിട്ടാണ് ഫ്ലോര്‍ ഗ്രൂപ്പ് ലിഫ്റ്റുകള്‍ ഉണ്ടാക്കിയത്.

അതായത് , എണ്‍പത് നിലയുള്ള ഒരു ബില്‍ഡിങ്ങില്‍ നാല് ലിഫ്റ്റുകളുണ്ടെങ്കില്‍ , ഒന്നുമുതല്‍ ഇരുപത് വരെ ഒരു ലിഫ്റ്റ് , ഇരുപത് മുതല്‍ നാല്‍‌പ്പത് വരെ മറ്റൊന്ന് അങ്ങിനെ ഗ്രൂപ്പുകളാക്കി പ്രവര്‍ത്തിപ്പിക്കുന്നു. പഴയ രീതിയില്‍ നിന്നും സമയ ലാഭത്തിലെത്താന്‍ ഈ മര്‍ഗ്ഗത്തിന് ഒരു പരിധിവരെ പറ്റിയെങ്കിലും , കാര്യമായ ലാഭം വേണമെങ്കില്‍ കൂടുതല്‍ ലിറ്റുകള്‍ വെണമെന്ന സ്ഥിതിവന്നു.

ഇങ്ങനെ ഫിക്സഡ് ആയി ഗ്രൂപ്പുകളാക്കുന്നതിന് പകരം , ട്രാഫിക്കനുസരിച്ച് ഫ്ലോറുകളെ (സ്റ്റോപ്പുകളെ) ഗ്രൂപ്പുകളാക്കാനുള്ള ഒരു ടെക്നോളജിയെപ്പറ്റുള്ള ചിന്തയുടെ വിജയം , വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ടിങ്ങ് മേഖലയിലെ ഏറ്റവും ക്ഷമതയുള്ള ഒരു മാര്‍ഗ്ഗത്തിന്‍‌റ്റെ ജനനത്തിലവസാനിച്ചു - സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി.

ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുനോക്കാം:

ആദ്യമായി ബില്‍ഡിങ്ങിന്‍‌റ്റെ പ്രവേശന കവാടത്തിനരികെയുള്ള 'ക്യൂ' മെഷിനില്‍ , ഉള്ളിലേക്ക് വരുന്ന ആള്‍ തനിക്ക് പോകേണ്ടുന്ന ഫ്ലോര്‍ നമ്പര്‍ എന്‍‌റ്റര്‍ ചെയ്യുന്നു , തത്സമയം മുന്നിലുള്ള സ്ക്രീനില്‍ പോകേണ്ട ലിഫ്റ്റ് നമ്പര്‍ തെളിയുന്നു , ഈ നമ്പര്‍ എല്ലായിപ്പോഴും ഫിക്സഡ് ആയിരിക്കില്ല വരുന്ന ആളുകളുടെ എണ്ണം , പോകേണ്ട ഫ്ലോര്‍ നമ്പര്‍ , നിലവിലുള്ള ലിഫ്റ്റുകളുടെ സ്ഥാനം എല്ലാം കണക്കാക്കി യാണ് ഒരു ലിഫ്റ്റ് ഗ്രൂപ്പ് ചെയ്യപ്പെടുന്നത്.

(അതായത് ഇന്ന് നാല്‍‌പ്പതാം നിലയിലേക്കുള്ളത് രണ്ടാമത്തെ ലിഫ്റ്റാണെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അതേ നിലയിലേക്ക് ഒരു പക്ഷെ നാലാമത്തെ ലിഫ്റ്റായിരിക്കും)

മുന്നില്‍ തെളിഞ്ഞ ലിഫ്റ്റ് നമ്പര്‍ ലക്ഷ്യമാക്കി നീങ്ങി , അതില്‍ കയറി യാത്ര ചെയ്യാവുന്നതാണ്. ഒരു പക്ഷെ മറ്റുള്ളവരും തന്‍‌റ്റെ തന്നെ ഫ്ലോറിലേക്കോ അല്ലെങ്കില്‍ സിസ്റ്റം കണക്കാക്കിയ മറ്റു ഫ്ലോറിലേക്കോ ഉള്ളവരായിരിക്കും. എന്തുതന്നെയായാലും ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ ഫ്ലോറുകളില്‍ ഈ നൂതന മര്‍ഗ്ഗം കൊണ്ട് എത്തിച്ചേരുന്നു.

ഒരുദാഹരണം നോക്കുക:

പതിനഞ്ച് പേര്‍ക്ക് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ഉള്ള അറുപത് നിലയുള്ള ഒരു കെട്ടിടത്തില്‍ എങ്ങിനെ ആളുകള്‍ സഞ്ചരിക്കുന്നു എന്ന് നോക്കാം.വളരെ തിരക്കുള്ള ബില്‍ഡിങ്ങില്‍ ആദ്യം വന്ന ലിഫ്റ്റില്‍ (lift-A )പതിനഞ്ചുപേര്‍ കയറി യാത്രയാവും. പലരും പല നിലേക്കുള്ളതിനാല്‍ കാണിച്ചിരിക്കുന്ന ചാര്‍ട്ട് പോലെ ആ ലിഫ്റ്റ് അതിന്‍‌റ്റെ യാത്ര പൂര്‍ത്തിയാക്കും. പതിനഞ്ച്പേര്‍ യാത്ര ചെയ്യുന്ന ലിഫ്റ്റ് അവസാനത്തെ സ്റ്റോപ്പടക്കം പതിനഞ്ച് സ്ഥലങ്ങളില്‍ നിര്‍ത്തിയായിരിക്കും അതിന്‍‌റ്റെ യാത്ര അവസാനിപ്പിക്കുക.

അടുത്ത ലിഫ്റ്റ് ചാര്‍ട്ടില്‍ കാണിച്ചതുപോലെ യാത്ര ചെയ്യുന്നു , മറ്റുള്ളവയും യാത്ര തുടങ്ങുന്നു. ചാര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാവുന്ന കാര്യം , അമ്പത് യാത്രക്കാരെക്കൊണ്ട്പോകാന്‍ നാല് ലിഫ്റ്റുകളും കൂടി 32 സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടിവരുന്നു.


ഇനി ഇതേ യാത്രക്കാര്‍ സ്മാര്‍ട്ട് ടെക്നോളജി ലിഫ്റ്റുകളില്‍ എങ്ങിനെ യാത്രചെയ്യുന്നു എന്നുനോക്കാം , ചാര്‍ട്ട് നോക്കുക , ഗ്രൂപ്പുകളായി തിരിച്ചതിനാല്‍ വെറും 15 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ ലിഫ്റ്റുകള്‍ക്കാവശ്യം വരുന്നത് , ഫലമോ യാത്രക്കാരുടെ സമയം ലാഭിക്കാനാവുന്നു , കുറവ് സ്റ്റോപ്പായതിനാല്‍ എനെര്‍ജി ലാഭിക്കാനാവുന്നു , മെയിന്‍‌റ്റനന്‍സ് വളരെ കുറവാകുന്നു , ഇത്തരം ടെക്നോളജി ഉയരം കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണനുയോജ്യം എന്ന് മാത്രം.
 

3 comments:

chithrakaran ചിത്രകാരന്‍ said...

കേരളം മാത്രം കണ്ടു വളര്‍ന്നതിനാല്‍ ലിഫ്റ്റിന്റെ ഈ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിരുന്നില്ല.ഇപ്പോള്‍ ബോധ്യമായി.സ്മാര്‍ട്ട് ടെക്നോളജി കൊളളാം. നന്ദി സുഹൃത്തേ.

ബയാന്‍ said...

നന്നായി ഈ ‘സ്മാര്‍ട്ട് ലിഫിന്റിനെ‘ കുറിച്ചുള്ള പരിചയപ്പെടുത്തല്‍,നന്ദി.

ധൃതികൂട്ടി ലിഫ്റ്റില്‍ ഓടിക്കയറി ഫ്ലൂര്‍ നമ്പര്‍ കാണാതെ, ഇനിമുതല്‍ കണ്‍ഫൂഷ്യനടിക്കേണ്ടി വരില്ല അല്ലേ,


പിന്നെ “സ്മാര്‍ട്ട് ലിഫ്റ്റിനെ കുറിച്ചെഴുതാന്‍ കൊച്ചിയില്‍ വിമാനമിറങ്ങേണ്ടിയിരുന്നില്ല എന്നു തോന്നുന്നു, ആ വിഷയം വേറൊരു പോസ്റ്റായിട്ടു തന്നെ മതിയായിരുന്നു. യാത്രകഴിഞ്ഞു ക്ഷീണിച്ചു വരുന്നവനെ ക്യൂ നിര്‍ത്തി പൊരിക്കുന്നതു വിദേശത്താണെങ്കില്‍ വിവേചനം എന്ന് പറയാമായിരുന്നു എങ്കിലും നമ്മുടെ നാട്ടിലും. ഹ ഹ ഹ.

വീകെ said...

സ്മാർട്ട് ടെക്നോളജി ഉപകാരപ്രദം തന്നെ.